അസംമിസോറം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ 50ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തി പ്രശ്നം സംഘര്‍ഷത്തിലേക്ക് നീങ്ങിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘര്‍ഷത്തിനിടയില്‍ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. അസമിലെ ചാച്ചാര്‍ ജില്ലയും മിസോറമിലെ കോലാസിബ് ജില്ലയും അതിര്‍ത്തിപങ്കുവെക്കുന്ന പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്. ആള്‍ക്കൂട്ടം സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരില്‍ ചാച്ചാര്‍ പോലീസ് സൂപ്രണ്ടും ഉള്‍പ്പെടുന്നു. സംഘര്‍ഷത്തില്‍ ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയാണ് ട്വിറ്ററില്‍ അറിയിച്ചത്. പോലീസിനു നേരെ മിസോറമില്‍നിന്നുള്ള അക്രമികള്‍ വെടിവെക്കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടണമെന്നും പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും നേരത്തെ ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്ന് അമിത് ഷായെ ടാഗ് ചെയത് മിസോറം മുഖ്യമന്ത്രി സോറംതംഗ ട്വീറ്റ് ചെയ്തിരുന്നു. ജനങ്ങള്‍ അക്രമം തുടരുമ്പോഴും ഞങ്ങള്‍ സ്ഥാപിച്ച പോലീസ് പോസ്റ്റുകള്‍ എടുത്തുമാറ്റാനാണ് കോലാസിബ് എസ്പി ആവശ്യപ്പെടുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും ട്വീറ്റില്‍ ആരോപിച്ചു. മുഖ്യമന്ത്രിമാരുടെ ആവശ്യത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു മുഖ്യമന്ത്രിമാരുമായും ബന്ധപ്പെടുകയും അതിര്‍ത്തിയിലെ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിര ഇടപെടല്‍ നടത്താന്‍ അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
#Assam #Mizoram #Keralakaumudinews
0 Comments